Knanaya live webcast
Ente Uzhavoor Logo
BREAKING NEWS
Welcome to enteuzavoor.com
LATEST NEWS

സ്വിച്ച് അമര്‍ത്തിയാല്‍ മതി; എന്നാല്‍ വാതില്‍ അടയ്ക്കില്ല

ഉഴവൂര്‍: എയര്‍ നിയന്ത്രിത വാതിലുകള്‍ തുറന്നുവച്ചു സര്‍വീസ് നടത്തുന്ന ബസുകളിലെ യാത്ര ദുരിതമാകുന്നു. വാതില്‍ അടയാത്തതിനാല്‍ മഴവെള്ളം ബസിനകത്തേക്കു വീശിയടിച്ച് കുടചൂടി ബസില്‍ യാത്രചെയ്യേണ്ട ഗതികേടിലാണു യാത്രക്കാര്‍. തുറന്നവാതിലുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമായതോടെ വാതിലുകള്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ മുന്‍പ് നിയമനടപടി സ്വീകരിച്ചിരുന്നു. 

എയര്‍ നിയന്ത്രിത വാതിലുണ്ടെങ്കിലും മിക്ക ബസിലും ഇത് അടയ്ക്കാറില്ല. സ്വിച്ച് അമര്‍ത്തിയാല്‍ താനേ തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകള്‍ എപ്പോഴും അടയ്ക്കാനും തുറക്കാനും ജീവനക്കാര്‍ മെനക്കെടാത്തതും ഇതിനു കാരണമാകുന്നു. ഉള്‍നാടന്‍ മേഖലകളിലേക്കുള്ള ബസുകളില്‍ ആളുനിറച്ചുകയറ്റിയാണു സര്‍വീസ് നടത്തുന്നത്. തുറന്ന വാതിലുകള്‍ക്കരുകില്‍ ഫുട്‌ബോഡില്‍നിന്നുള്ള യാത്ര അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം ബസുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. 

..

വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല 

മോനിപ്പള്ളി: എം.സി. റോഡിലെ വൈദ്യുതി പോസ്റ്റുകളില്‍ പ്രകാശിക്കുന്ന വഴിവിളക്കുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ വഴിവിളക്കുകള്‍ ഇല്ലതാനും. 
ടൗണിനോടു ചേര്‍ന്ന സ്ഥലങ്ങള്‍ ഇരുട്ടിലാണ്. ചില കടകളുടെയും ബാങ്കുകളുടെയും ബോര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളാണ് കാല്‍നടയാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഏക ആശ്രയം. പാതിരാത്രി കാലങ്ങളിലടക്കം നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന കവലയാണ് മോനിപ്പള്ളി. കൂത്താട്ടുകുളം - പാലാ, ഉഴവൂര്‍ - കുര്യനാട് റോഡുകളിലെയും ഗ്രാമീണ റോഡുകളിലെയും സ്ഥിതി ഭിന്നമല്ല. 

..


add8

റോഡ് സുരക്ഷാ പ്രോജക്ട് പ്രധാന പാതകളില്‍  നടപ്പാക്കും - മോന്‍സ് ജോസഫ്

ഉഴവൂര്‍: കടുത്തുരുത്തി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന എല്ലാ പ്രധാന പാതകളേയും ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട എഞ്ചിനീയര്‍മാരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു. കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ക്കാണ് പദ്ധതി നടപ്പിലാക്കുക.
കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തലയോലപ്പറമ്പ് - പെരുവ - ഇലഞ്ഞി - കൂത്താട്ടുകുളം റോഡ്, മണര്‍കാട് - കിടങ്ങൂര്‍ - കടപ്ലാമറ്റം - മരങ്ങാട്ടുപള്ളി - ഉഴവൂര്‍ - വെളിയന്നൂര്‍ റോഡ് എന്നീ പ്രധാന പാതകളിലെ റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ക്ക് നേരിട്ട് ഗുണം ചെയ്യും. 
റോഡ് സുരക്ഷയുടെ ഭാഗമായി പ്രധാന പാതകളില്‍ സെന്‍ട്രല്‍ ലൈന്‍ പുതുക്കി മാര്‍ക്കിംങ് നടത്തും. വിവിധ കവലകളിലും സ്‌കൂളുകള്‍ക്ക് സമീപത്തും സീബ്ര ലൈനുകള്‍ വരയ്ക്കും. പ്രധാന സ്ഥലങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള പുതിയ ദിശാബോര്‍ഡുകള്‍ പുനസ്ഥാപിക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷിതത്വത്തിനുവേണ്ടി കാഷ് ബാരിയറുകള്‍ സ്ഥാപിക്കും. റോഡിന്റെ സൈഡ്‌ലൈനുകളില്‍ രാത്രികാലങ്ങളില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റഡ് പതിപ്പിക്കും.
വെള്ളക്കെട്ടുമൂലം പ്രതിസന്ധിയുണ്ടാകുന്ന സ്ഥലങ്ങളില്‍ ഓടകള്‍ വൃത്തിയാക്കും. ഫുട്പാത്തുകള്‍ സുരക്ഷിതമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചിട്ടുള്ള റോഡുകളുടെ പാര്‍ശ്വവശങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നതുമൂലം അപകടാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കും. റോഡിനിരുവശവും വളര്‍ന്നിട്ടുള്ള പള്ളകള്‍ നീക്കം ചെയ്യും. ഓടകള്‍ തെളിക്കുന്നതിനും നടപടി സ്വീകരിക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തി. 
കെ.എസ്.ടി.പി. റോഡ് വികസന പദ്ധതിയില്‍ നടപ്പാക്കുന്ന പട്ടിത്താനം - കുറവിലങ്ങാട് - മോനിപ്പള്ളി - പുതുവേലി റോഡില്‍ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. കടുത്തുരുത്തി നിയോജകമണ്ഡലം സെക്ടറില്‍ ഉള്‍പ്പെട്ട എം.സി.റോഡ് വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബറില്‍ നടത്തും.
ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നുപോയ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാലാവസ്ഥ പ്രയോജനപ്പെടുത്തി പരമാവധി വേഗത്തില്‍ നടപ്പാക്കും. റീ ടാറിംങ് നടത്തേണ്ട റോഡുകളുടെ പ്രാഥമിക പരിശോധന വകുപ്പുതലത്തില്‍ നടത്തി കടുത്തുരുത്തി നിയോജകമണ്ഡലം സമഗ്രവികസന സെമിനാറില്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും.പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വില്‍സണ്‍ ജോര്‍ജ്ജ്, അസ്സി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ബി.സാജന്‍, സിന്ധു പോള്‍, ബിന്ധു എന്‍., അസ്സി. എഞ്ചിനീയര്‍മാരായ തോമസ് (പാലാ), ഗിരീഷ് എസ് (കടുത്തുരുത്തി), റോമി ജെ ചിങ്ങംപറമ്പില്‍ (കുറവിലങ്ങാട്) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

..

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം-പി. എം. മാത്യു

ഉഴവൂര്‍: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. മാത്യു അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാരിവ്യവസായസ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് സെപ്റ്റംബര്‍ 10-ാം തീയതിക്കകം വിതരണം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെ. ജോണ്‍ തറപ്പില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായപി.എന്‍. രാമചന്ദ്രന്‍, ഡോ. പൃഥിരാജ്, ഡോ. സുധ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജേഷ് മറ്റപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

..

ചിങ്ങത്തേരിലേറി വെള്ളിയാഴ്ച അത്തം 

ഉഴവൂര്‍: പഞ്ഞകര്‍ക്കിടകത്തിന് വിടനല്‍കി എത്തിയ ചിങ്ങത്തേരിലേറി വെള്ളിയാഴ്ച അത്തം എത്തും. പത്തു നാള്‍ കഴിഞ്ഞാല്‍ തിരുവോണം. നാളെ മുതല്‍ മുറ്റത്ത് പൂക്കളം ഒരുങ്ങിത്തുടങ്ങും. ഇത്തവണ അത്തത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വിനായക ചതുര്‍ഥിയും നാളെയാണ്. അത്തം പിറന്നാല്‍ തിരക്കൊഴിയാത്ത ദിവസങ്ങളായിരുന്നു പഴയകാലത്ത്.

കാരണവന്‍മാരുടെ ഓര്‍മയില്‍ കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ പൂക്കളം ഒരുക്കിയ കഥകള്‍ നിറഞ്ഞുനില്‍ക്കുന്നു. കര്‍ക്കടകത്തിലെ തിരുവോണമാണ് പിള്ളേരോണം എന്നറിയപ്പെടുന്നത്. പഴയകാലത്ത് ഗ്രാമങ്ങളില്‍ പിള്ളേരോണം മുതല്‍തന്നെ പൂവിട്ടിരുന്നു. പില്‍ക്കാലത്ത് അത്തം മുതല്‍ പത്തു ദിവസത്തെ പൂക്കളമൊരുക്കല്‍ പോലും പലയിടത്തുനിന്നും പടിയിറങ്ങി. അത്തം മുതല്‍ പത്തു ദിവസത്തേക്കായിരുന്നു പഴയകാലത്ത് സ്‌കൂള്‍ അവധി. ഇതിനു മാറ്റം വരുന്നത് വല്ലപ്പോഴും മാത്രം. ഓണപ്പരീക്ഷ കഴിഞ്ഞാല്‍ പൂവുതേടിയുള്ള യാത്രകള്‍ ആരംഭിക്കുകയായി. വേഗത്തില്‍ വാടാത്ത പൂക്കളാണ് തലേന്നു ശേഖരിച്ചുവയ്ക്കുക.

അരീപ്പൂ, കൊങ്ങിണിപ്പൂവ്, കലമ്പട്ടപ്പൂവ് അങ്ങനെ പലതരം പൂക്കള്‍. കുട്ട നിറയെ പൂവ്. തുമ്പയും ചെമ്പരത്തിയും നീലക്കൊങ്ങിണിയുമൊക്കെ രാവിലെയേ അടര്‍ക്കൂ. ചാണകം മെഴുകിയ മുറ്റത്ത് തുളസിയിലവച്ച് അതിന്‍മേല്‍ തുമ്പപ്പൂവുകൊണ്ടൊരു ചെറിയ കൂടാരം. പിന്നെ ചെമ്പരത്തികൊണ്ട് ചുവന്ന നിര. അത്തം മുതല്‍ മൂന്നുനാലു നാള്‍വരെ പൂക്കളം ചെറുതായിരിക്കും. അനിഴവും തൃക്കേട്ടയുമൊക്കെ എത്തുമ്പോള്‍ പൂക്കളം വലുതാവും.

ഉത്രാടത്തിനാണ് ഏറ്റവും വലിയ പൂക്കളം. തിരുവോണത്തിന് 
പൂക്കളം ഒരുക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇല്ല. ഉത്രാടദിനത്തില്‍ വലിയ പൂക്കളമൊരുക്കി വൈകിട്ട് പൂക്കളെല്ലാം നീക്കും. ചാണകം മെഴുകി വൃത്തിയാക്കിയ തറയില്‍ മണ്ണുകൊണ്ടു നിര്‍മിച്ച ഓണത്തപ്പനെ പ്രതിഷ്ഠിക്കും. തിരുവോണ ദിനത്തില്‍ പുലര്‍ച്ചെ ഓണത്തപ്പന് പൂവട നിവേദിക്കുന്ന പതിവാണ് പലയിടത്തും നിലനിന്നിരുന്നത്. 

..

അമിതവില, അളവു തൂക്ക ഉപകരണങ്ങള്‍ പരിശോധിക്കണം 

ഉഴവൂര്‍: കേരള ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ നിര്‍ദേശ പ്രകാരം ഉപഭോക്തൃ സംരക്ഷണാര്‍ഥം ഓണക്കാലത്ത് രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വ്യാപാരികള്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്ന പായ്ക്കറ്റുകളിലും സൂക്ഷിക്കുന്ന പായ്ക്കറ്റുകളിലും അളവു തൂക്ക നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടണം. 

നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുവാനോ, സൂക്ഷിക്കുവാനോ പാടുള്ളതല്ല. പായ്ക്കറ്റുകളില്‍ വില തിരുത്തുക, മായ്ച്ചുകളയുക, മറയ്ക്കുക, അമിത വില ഈടാക്കുക, അളവില്‍ കുറച്ച് വില്‍പന നടത്തുക തുടങ്ങിയവ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം ക്രമക്കേടുകള്‍ക്ക് അയ്യായിരം രൂപ പിഴ ഈടാക്കുന്നതാണ്. കച്ചവട സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും കച്ചവടം നടത്താന്‍ ഉപയോഗിക്കുന്ന അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിച്ചവ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. 

അളവു തൂക്ക ഉപകരണങ്ങള്‍ മുദ്രപതിച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവിന് കാണത്തക്ക വിധത്തില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഉന്തുവണ്ടികളില്‍ വ്യാപാരം നടത്തുന്നവര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതും പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. തുടങ്ങിയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് സ്‌ക്വാഡ് ഉറപ്പ് വരുത്തണം.

..

വില്ലന്‍ വിലക്കയറ്റം 

ഉഴവൂര്‍: വിലക്കയറ്റം വില്ലനാകുമ്പോള്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് ഇടുക്കിക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ക്കു വിലയേറുകയാണ്. വെളിച്ചെണ്ണ വില റെക്കോര്‍ഡിലേക്കു കുതിക്കുകയാണ്. ഏത്തയ്ക്കാ വിലയും ശര്‍ക്കര വിലയും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാം എന്നതു മാത്രമാണു ജനങ്ങള്‍ക്കു അല്‍പമെങ്കിലും ആശ്വാസം. എന്നാല്‍ അരിക്കും മറ്റു ചില ഇനങ്ങള്‍ക്കും സബ്‌സിഡി വില കൂട്ടിയതു കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. 

അടുത്തിടെ ഉയര്‍ന്ന അരിവില കാര്യമായ കുലുക്കമില്ലാതെ തുടരുകയാണ്. മട്ടയരി കിലോയ്ക്കു 32 മുതല്‍ 39 രൂപ നിരക്കുകളില്‍ കടകളില്‍ ലഭ്യമാണ്. ജയയരിക്കു കിലോ 35-36 രൂപയാണ് ചില്ലറ വില. പഞ്ചസാരയ്ക്കു 35-36 രൂപ ഈടാക്കുമ്പോള്‍ ശര്‍ക്കരയ്ക്കു വില കൂടിയിട്ടുണ്ട്. കിലോയ്ക്ക് 50-52 രൂപയാണ് ശര്‍ക്കരയുടെ ശരാശരി വില. മറയൂര്‍ ശര്‍ക്കരയ്ക്കു കിലോയ്ക്കു 65 രൂപ വരെ ഈടാക്കുന്നുണ്ട്. കടലയ്ക്കു കിലോ 45, ഉഴുന്ന്-84-105, വറ്റല്‍മുളക്-95, ചെറുപയര്‍-90-95, മല്ലി-140-145, കിഴങ്ങ്-35 എന്നിങ്ങനെയാണ് ചില്ലറ വില്‍പന. 

ഓണമടുത്തതോടെ വിലക്കയറ്റത്താല്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് വെളിച്ചെണ്ണ വില. കിലോയ്ക്ക് 178-180 രൂപയാണ് വ്യാപാരിസകള്‍ വെളിച്ചെണ്ണയ്ക്ക് ഈടാക്കുന്നത്. തേങ്ങയ്ക്കാവട്ടെ കിലോയ്ക്കു 39-40 രൂപ നിരക്കില്‍ വില്‍പന തുടരുന്നു. ഓണം കഴിയുന്നതു വരെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. അതേ സമയം വില ഇനിയും ഉയരുമെന്നാണു വ്യാപാരിസകളില്‍ ചിലരുടെ ഭാഷ്യം. 

..

തട്ടിപ്പില്‍ വീട്ടമ്മമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

താമരക്കാട്: പണം നിക്ഷേപിച്ചാല്‍ ഒരുമാസത്തിനകം ഇരട്ടിപ്പിക്കാമെന്നും 50 ശതമാനം വരെ പലിശനല്‍കാമെന്നും പറഞ്ഞ് യുവതി നടത്തിയ തട്ടിപ്പില്‍ വീട്ടമ്മമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. അരക്കോടിയിലേറെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും മാനഹാനിഭയന്ന് പരാതിനല്‍കാതിരിക്കുയാണ് വീട്ടമ്മമാര്‍. സംഭവത്തെക്കുറിച്ച് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിംഗ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരില്‍ ഏറെയും പണക്കാരുടെ ഭാര്യമാരും,? ഗള്‍ഫുകാരുടെ ഭാര്യമാരുമാണ്.

താമരക്കാട് സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പ് വീരത്തി. ഇവര്‍ കൂത്താട്ടുകുളത്തെ പ്രസിദ്ധമായ പള്ളിയില്‍ നൊവേനയ്‌ക്കെത്തിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. മാര്‍ക്കറ്റ് റോഡിലുള്ള ലേഡീസ് ടെയിലറിംഗ് സെന്ററിലെത്തിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് സൂചനലഭിച്ചിരിക്കുന്നത്.

സാമ്പത്തികമായി ഉയര്‍ന്ന വീടുകളിലെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് അവരുമായി മാസങ്ങളായി അടുപ്പം പുലര്‍ത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇരാറ്റുപേട്ടയില്‍ തങ്ങള്‍ക്ക് ഒരു ബാങ്കുണ്ടെന്നും ആ ബാങ്ക് വഴി വന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഷെയര്‍ മാര്‍ക്കറ്റുകളിലും പണം നിശ്ചിത ദിവസങ്ങളിലേക്കായി നല്‍കുമെന്നും അവര്‍ അവരുടെ ലാഭവിഹിതം ഉള്‍പ്പെടെ പണം ഇരട്ടിയായി തിരികെ നല്‍കുമെന്നുമാണ് പറയുന്നത്. ആദ്യം ആരും പണം നല്‍കുവാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ ടെയിലറിംഗ് സെന്ററിലെ പരിചയത്തിന്റെ പുറത്ത് ഒരു യുവതി ഒരു ലക്ഷംരൂപ നല്‍കുകയായിരുന്നു. 30 ാം ദിവസം ഇവര്‍ക്ക് ഒന്നരലക്ഷം രൂപ ഇവര്‍ തിരികെ നല്‍കിയതോടെ മറ്റ് പലരും പണംനല്‍കുവാന്‍ തയ്യാറായി. പലരും ഒന്നു മുതല്‍ അഞ്ച് ലക്ഷംരൂപവരെ നല്‍കിയിട്ടുണ്ട്. അവര്‍ക്കെല്ലാം പണം 50 ശതമാനം പലിശയോടെ ലഭിച്ചപ്പോള്‍ അവരില്‍ പലരും സുഹൃത്തുക്കളെയും പണം നല്‍കുവാന്‍ നിബന്ധിപ്പിക്കുകയായിരുന്നു. ഭര്‍ത്താക്കന്‍മാരറിയാതെ പണം ഇരട്ടിപ്പിക്കുവാന്‍ വഴിതുറന്നതോടെ നിക്ഷേപകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇത്തരത്തില്‍ ഉപ്പുകണ്ടം പൂങ്കാവനം സ്വദേശിനിയും ഭര്‍ത്താവ് വിദേശത്തുമായ യുവതിയുടെ പക്കല്‍നിന്നു മാത്രം ഒമ്പത് ലക്ഷംരൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ് അഞ്ച് മാസമായി ഇവര്‍ തുക ആവശ്യപ്പെട്ട് തട്ടിപ്പുകാരിയെ സമീപിച്ചപ്പോള്‍ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തന്ത്രത്തില്‍ പണം മേടിക്കുവാന്‍ യുവതി ആവുന്നത്രനോക്കിയെങ്കിലും നടന്നില്ല. മറ്റുള്ളവര്‍ക്കും ഇത് തന്നെയാണ് അവസ്ഥയുണ്ടായിരിക്കുന്നതെന്ന് യുവതി മനസിലാക്കി അവരെ സമീപിച്ചപ്പോള്‍ അവരില്‍ പലരും പോയതുപോയി എന്ന മട്ടില്‍ പരാതിയില്ലാതെ നടക്കുകയാണ്. ഒടുവില്‍ തുക അധികമായി പോയവരില്‍ ചിലര്‍ പരാതി നല്‍കുവാന്‍ തയ്യാറാണെങ്കിലും ഭര്‍ത്താക്കന്‍മാറിയാതെ ചെയ്ത ബിസിനസായതുകൊണ്ട് പലരും ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുകയാണ്. നിക്ഷേപിക്കുന്ന പണം ഇരട്ടിപ്പിക്കാമെന്നും പറഞ്ഞ് കൂത്താട്ടുകുളത്തെ വീട്ടമ്മമാരെ കബളിപ്പിച്ച് മുങ്ങിയ താമരക്കാട് സ്വദേശിനി സമീപ ജില്ലകളിലും സമാനമായി തട്ടിപ്പ് നടത്തിയിരുന്നതായി സൂചന.


കൂത്താട്ടുകുളത്താണ് ഏറെയും തട്ടിപ്പ് നടത്തിയത്. രാമപുരം, അരീക്കര, ഉഴവൂര്‍ എന്നിവിടങ്ങളിലുള്ള നിരവധി വീട്ടമ്മമാരുടെ പണമാണ് പോയിരിക്കുന്നത്. പണംപോയവര്‍ ധാരാളമുണ്ട്. എന്നാല്‍ ഭീഷണിയില്‍ ഭയന്ന് ആരും പരാതിനല്‍കിയിട്ടില്ല.കൂത്താട്ടുകുളത്തുള്ള ഏതാനും വീട്ടമാര്‍ നല്‍കിയ പരാതില്‍ പൊലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. കൂത്താട്ടുകുളത്തെ പ്രസിദ്ധമായ ടൗണ്‍ പള്ളിയില്‍ വെച്ചാണ് ഇവര്‍ വീട്ടമ്മമാരെ വശത്താക്കിയത്. ഇവരുടെ മുന്നില്‍ വെച്ച് ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്നത് കണ്ടാണ് ഇവരില്‍ പലരും പണം നല്‍കിയിരിക്കുന്നത്. ആദ്യം കുഴപ്പമില്ലായിരുന്നുവെങ്കിലും പിന്നീട് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാല് മാസമായി പണം നല്‍കാത്തതിനെ തുടര്‍ന്ന് പലരും ചോദിച്ചപ്പോള്‍ ഇവര്‍ ഭീക്ഷണിപ്പെടുത്തുകയും മറ്റുമായിരുന്നു. രാമപുരത്തും,? ഉഴവൂരിലും,? പാലായിലുമെല്ലാം ഇത്തരത്തിലുള്ള സമാനമായ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. കൂത്താട്ടുകുളത്ത് പണം പോയവരില്‍ പലരും സമ്പന്നരുടെ ഭാര്യമാരാണ്. ഇവര്‍ സ്വന്തമായി പ്രശ്‌നം പരിഹരിച്ചിരിക്കുന്നതിനല്‍ പരാതികളൊന്നുമില്ല. ഉപ്പുകണ്ടം സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.


കള്ളനോട്ട് സംഘവുമായുള്ള ബന്ധമാവണം നോട്ടിരട്ടിപ്പിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന്‍ കുബേരവന്നതോടെ ഇത്തരത്തിലുള്ള 30ല്‍പ്പരം പരാതികള്‍ പിറവം സര്‍ക്കിളിന്റെ കീഴിലുണ്ട്. പണം വാങ്ങ..

ഉച്ചയൂണ് വിളമ്പി കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്ക്  മുന്നിലേക്ക് എത്തിയത് മരണവാര്‍ത്ത

വെളിയന്നൂര്‍: \'ഞങ്ങള്‍ ഉടനെ എത്തും. ഉച്ചയൂണ് വിളമ്പി വച്ചോ.. വന്നിട്ട് ഒന്നിച്ച് കഴിക്കാം\'. ഉച്ചയൂണ് ഒന്നിച്ച് കഴിക്കാമെന്ന സഹോദരന്‍ വിപിന്‍ ചന്ദ്രന്റെ (25) ആഗ്രഹം ഇനി ഒരിക്കലും നടക്കില്ലെന്ന സത്യം അംഗീകരിക്കാന്‍ അര്‍ച്ചനയ്ക്കും അമ്മ രഞ്ജിനി ദേവിക്കും കഴിയുന്നില്ല. അച്ഛന്റെ വിയോഗത്തിന് ഒരു മാസം തികയും മുമ്പേയാണ് മരണാനന്തര ചടങ്ങിനായി വിദേശത്തുനിന്നെത്തിയ വിപിനെ വിധി തട്ടിയെടുത്തത്. 
അര്‍ച്ചനയുടെ ഭര്‍ത്താവ് രതീഷ് കൂത്താട്ടുകുളത്ത് അടുത്ത ദിവസം തന്നെ തുറക്കാനിരിക്കുന്ന കടയുടെ പണികള്‍ക്കിടയില്‍ വൈദ്യൂതാഘാതമേറ്റ് തിങ്കളാഴ്ച ഉച്ചയോടെയാണ് വിപിന്‍ മരിക്കുന്നത്.
വിപിന്റെ പിതാവ് വെളിയന്നൂര്‍ പറത്താത്തുകുന്നേല്‍ (ചന്ദ്രവിലാസം) ചന്ദ്രന്‍ ഈ മാസം 1-നാണ് മരിക്കുന്നത്. ഖത്തറില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിപിന്‍ മരണാനന്തര ചടങ്ങുകള്‍ക്കായി 2-നാണ് നാട്ടില്‍ എത്തുന്നത്. വീട്ടിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവധി നീട്ടി എടുക്കുകയായിരുന്നു. 
ഓണത്തിന് മുന്നേ തുറക്കാന്‍ ലക്ഷ്യമിട്ട് കുത്താട്ടുകളത്ത് തുണിക്കട ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു വിപിന്റെ സഹോദരി ഭര്‍ത്താവ് രതീഷ്. കടയില്‍ പെയിന്റിംഗ് അടക്കമുള്ള ജോലികളുടെ പൂര്‍ത്തീകരണമായിരുന്നു തിങ്കളാഴ്ച ഉച്ചയോടെ പണികള്‍ തീര്‍ന്നു. ഊണ് കഴിക്കുന്നതിനായി വിപിനും രതീഷും പോരാന്‍ ഇറങ്ങി വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. വന്നിട്ട് ഒന്നിച്ച് കഴിക്കാമെന്ന് സഹോദരിയോട് ആവശ്യപ്പെട്ടു. അടച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഷര്‍ട്ട് തൂക്കുന്നതിനായി ഘടിപ്പിക്കാനുള്ള ഇരുമ്പ് പൈപ്പ് പുറത്ത് കിടക്കുന്നത് കണ്ടത്. ഇത് എടുത്ത് അകത്തേക്ക് ഇടാന്‍ തുടങ്ങുമ്പോഴാണ് പൈപ്പ് 11 കെ.വി. ലൈനില്‍ തട്ടി അപകടം സംഭവിക്കുന്നത്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു നിര്‍മ്മാണം. ഇതിന് സമാന്തരമായാണ് 11 കെ.വി. ലൈന്‍ കടന്നു പോകുന്നത്. വിപിന്‍ വിദേശത്തിന് പോയതോടെയാണ് ഈ കുടുംബം രക്ഷപെട്ട് തുടങ്ങിയത്. അഞ്ച് വര്‍ഷത്തോളമായി വിദേശത്ത് ജോലി ആരംഭിച്ചിട്ട്. വിപിന്റെ മൂത്ത സഹോദരന്‍ സൗദിയില്‍ നേഴ്‌സായ സുധിന്‍ കണ്ണൂരില്‍ ഒരു സുഹൃത്തിന്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു.

..

add8

ആരോഗ്യം


ജിവിക്കാൻ വേണ്ടി കഴിക്കാം

ജീവിതം ഫാസ്റ്റ് ആയപ്പോൾ ഭക്ഷണവും ഫാസ്റ്റ് ആയി. കൈയിലൊരു കളർപാക്കറ്റും സോഫ്റ്റ് ഡ്രിങ്ക്സുമായി നടക്കാത്ത ഏത് മലയാളിയാണ് ഉള്ളത്. തെറ്റായ ജീവിതചര്യയും അശാസ്ത്രീയമായ ആഹാരരീതിയും ആയപ്പോൾ ഭക്ഷണത്തോടൊപ്പം മരുന്നും കഴിക്കേണ്ട അവസ്ഥയാണ് ഇന്ന് മലയാളിക്ക്. ഒരു നേരത്തെ ഭക്ഷണം കഴിക്കുവാൻ സാധിച്ചില്ലെങ്കിൽ, സന്തോഷത്തോടെയാണ് മലയാളി ചിപ്സും സോഫ്റ്റ്ഡ്രിങ്ക്സും കൊണ്ട് അഡ്ജസ്റ്റാവുക. പക്ഷേ ഇവ തരുന്ന രുചിക്കുമപ്പുറമാണ് ഇവ തരുന്ന രോഗം. ലൈഫ് സ്റ്റൈൽ രോഗങ്ങൾ പ്രായഭേദമന്യേയാണ് ഇന്ന് കടന്നുവരുന്നത്. പ്രധാനമായ പോഷകഘടകങ്ങൾ അടങ്ങാത്ത ഭക്ഷണത്തെയാണ് നാം ജങ്ക് ഫുഡ്സ് എന്ന് വിളിക്കുക. ഇവയിൽ പ്രോട്ടീനോ വൈറ്റമിനുകളോ മിനറലുകളോ ഇല്ല. എന്നാൽ ഉപ്പ്, കൊഴുപ്പ്, കലോറി എന്നിവ ഉയർന്ന അളവിലുമുണ്ട്. ദിവസവും ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളിൽ പോഷകാഹാര കുറവുകൾ കാണുവാൻ സാധിക്കും. പല്ലുകൾ വേഗത്തിൽ നശിക്കുകയും ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണവും കണ്ടുതുടങ്ങും.ലോകത്തിന്റെ ശരാശരി രുചിക്കടുത്ത് പിടിച്ചു നിർത്തുകയാണ് ആഗോള ആഹാര രസതന്ത്രം. റോഡുവക്കിൽ നിന്ന് ലഭിക്കുന്ന ഫാസ്റ്റ് ഫുഡിലൂടെ ഒരുതരം ഭ്രാന്തൻ രൂചിയാണ് നമുക്ക് ലഭിക്കുക. കറിയുണ്ടാക്കുന്ന ചട്ടിയിലേക്ക് കറിക്കൂട്ടിനൊപ്പം വിവിധതരം വിഷങ്ങളാണ് ചേരുന്നത്. എന്തിനെറേ പറയുന്നു അടുക്കളയിലെ മുഖ്യഘടകമായ ഉപ്പിൽ പോലും മഗ്നീഷ്യം കാർബണേറ്റ്, സിലിക്ക ഡൈ ഓക്സൈഡ് എന്നീ പ്രമുഖരാണ് ഉള്ളത്. അസുഖം എപ്പോൾ വണ്ടിപിടിച്ചെത്തി എന്ന് ചോദിച്ചാൽ മതി. സിനിമാ പോസ്റ്ററുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന, അമേരിക്കയിൽ നിരോധിച്ച മൈദയാണ് ഇന്ന് മലയാളി ഏറ്റവും കൂടുതൽ ഭക്ഷിക്കുന്നത്. വിഷം ഇല്ലാത്ത ഭക്ഷണം കിട്ടുന്ന കേരളം ഇന്ന് വെറും ഓർമ്മയായി മാറുകയാണ്. ..

ശുചിത്വം ശീലമാക്കി മഴക്കാലരോഗമകറ്റാം

ഉഴവൂര്‍: തോരാ മഴയ്ക്ക് അരുതി വന്നു തുടങ്ങി. കാലാവസ്ഥയിലെ പെട്ടെന്നുള്ള ഈ മാറ്റം പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകാം. ശക്തമായ മഴയില്‍ കുടിവെളള സ്രോതസുകള്‍ മലിനമാകാനും സാധ്യതയുണ്ട്. ജലജന്യ രോഗങ്ങളായ മഞ്ഞപിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. ഇതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിളപ്പിച്ചാറിയ വെളളംമാത്രം കുടിക്കുക, പഴകിയതും വഴിവക്കുകളില്‍ മലിനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്നതുമായ ആഹാരസാധനങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ആഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെളളം ക്ലോറിനേറ്റ് ചെയ്യുക, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലംനല്‍കുക, കുപ്പിപാല്‍ ഒഴിവാക്കുക, ആറ്മാസം പ്രായം വരെ മുലപ്പാല്‍ മാത്രം മതിയാകും. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, മലവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, തുറസായസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക, വീടുകളുടെ പരിസരത്തെ മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കുക, ഈച്ചശല്യം ഒഴിവാക്കുക, കൈകാലുകളിലെ നഖംവെട്ടി വൃത്തിയായി സൂക്ഷിക്കുക (പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ), സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കപ്പെടുന്നതായ ഐസ്‌ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതില്‍ നിന്നും കുട്ടികളെ നിരുത്സാഹപ്പെടുത്തുക. വയറിളക്കം പിടിപ്പെട്ടാല്‍ ആരംഭം മുതല്‍ തന്നെപാനീയ ചികിത്സ തുടങ്ങണം. ഒ.ആര്‍.എസ്.മിശ്രിതമോ വീടുകളില്‍തന്നെ ലഭ്യമായ ഉപ്പിട്ട കഞ്ഞി വെളളം, കരിക്കിന്‍ വെളളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാ വെളളം, ഉപ്പിട്ട മോരിന്‍വെളളം തുടങ്ങിയവയെല്ലാം പാനീയ ചികിത്സയായി ഇടവിട്ട് കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും വേണം. കടുത്ത രോഗാവസ്ഥയില്‍ ഒട്ടും തന്നെ താമസിക്കാതെ വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു...

ഗട്ടറുകളില്‍ വീഴാതെ നോക്കുക, വീണാല്‍ ചികിത്സ അനിവാര്യം

ഉഴവുര്‍: മഴയോടു കൂടി റോഡുകളെല്ലാം കുും കുഴിയുമായി. ദേശീയ നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ കെ.ആര്‍. നാരായണന്‍ ഹൈവേയും തകര്‍ന്നു തുടങ്ങി. റോഡുകളിലെ ഗട്ടറുകളും കാനകളും വാഹനങ്ങള്‍ക്കു മാത്രമല്ല, യാത്രക്കാര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറയുന്നു. പതിവായി ടൂവീലര്‍ ഉപയോഗിക്കുന്ന ഏറെപ്പേര്‍ക്കും നടുവേദനയ്ക്കും ഞരമ്പുക്ഷതത്തിനും സാധ്യത കൂടുതലാണ്. ബൈക്കുകളുടെ പിന്‍യാത്രക്കാര്‍ക്കാണ് കൂടുതല്‍ ക്ഷതമുണ്ടാകുക. റോഡ് തകര്‍ന്നതോടെ നടുവേദനക്കാരുടെ എണ്ണത്തില്‍ എല്ലാ ആശുപത്രികളിലും വലിയ വര്‍ധനയുണ്ട്. ബൈക്കില്‍ നിന്നും അല്ലാതെയും കുഴികളില്‍ വീണ് ഒടിവും ചതവും മുറിവുമായി എത്തുന്നവരും കുറവല്ല. നട്ടെല്ലിനു പൊട്ടലുണ്ടായവരുമുണ്ട്. നട്ടെല്ലിന്റെ ഡിസ്‌കുകള്‍ക്കാണ് ഏറ്റവും ക്ഷതം സംഭവിക്കുന്നത്. ഇത് ഭാവിയില്‍ തലവേദന, കഴുത്തുവേദന, കുനിവ് തുടങ്ങിയ പ്രശ്‌നങ്ങളായി മാറാം. തിരുമ്മല്‍, കിഴി തുടങ്ങിയ ചികിത്സകള്‍ ഈ പരിക്കുകള്‍ക്ക് ഏറെ പ്രയോജനകരമാണ്. റോഡ് നന്നായിട്ട് വാഹനം ഓടിക്കാമെന്നോ യാത്ര ചെയ്യാമെന്നോ കരുതിയാല്‍ അതു ഇവിടെ നടപ്പുണ്ടാകില്ല. ഗട്ടറുകള്‍ പരമാവധി ഒഴിവാക്കുക, വേഗം കുറച്ചുപോകുക എന്നിവയാണ് പോംവഴി. വലിയ കുഴികള്‍ കണ്ടാല്‍ ബൈക്ക് നിറുത്തി ഉന്തിക്കൊണ്ടുപോകുന്നതായിരിക്കും ഇപ്പോഴത്തെ നിലയില്‍ ഭേദം. കഴിവതും ടൂവീലര്‍, ഓട്ടോ യാത്ര ഒഴിവാക്കുക. ഗര്‍ഭിണികള്‍ ഗട്ടര്‍ റോഡിലൂടെ ടൂവീലര്‍ ഓടിക്കരുത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ കുഴികള്‍ ശ്രദ്ധയില്‍ പെടണമെന്നില്ല. കഴിവതും വെള്ളക്കെട്ട്് ഒഴിവാക്കി വാഹനങ്ങള്‍ വേഗം കുറച്ച് പോകുക.തൈലം, കുഴമ്പ് എന്നിവ തേച്ച് വൈകുന്നേരം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നന്ന്. ബസ് പോലുള്ള വലിയ വാഹനങ്ങളില്‍ കഴിവതും മുന്‍വശത്തെ സീറ്റുകളില്‍ ഇരിക്കാന്‍ താത്പര്യപ്പെടുക തുടങ്ങിയവയാണ് ആരോഗ്യ വിദഗ്ദര്‍ ചൂിക്കാട്ടുന്ന പരിഹാര നിര്‍ദ്ദേശങ്ങള്‍..

വേദനരഹിത പ്രസവത്തിന് അത്യാധുനിക സൗകര്യങ്ങളുമായി കേരളത്തിലൊരു സര്‍ക്കാര്‍ ആശുപത്രി ഒരുങ്ങുന്നു

ഉഴവൂര്‍: പാട്ടുകേട്ടും സിനിമയും, കോമഡികളുമൊക്കെ കണ്ട് പ്രസവം ആസ്വാദ്യകരമായ ആനുഭവമാക്കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി ഒരുങ്ങുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയെ കുറിച്ച് ദീപിക പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. വാര്‍ത്തയിലെ ആശുപത്രി വിശേഷങ്ങള്‍ ഇങ്ങനെ. ആരോഗ്യ കേരളം പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ അത്യാധുനിക പ്രസവോപകരണങ്ങളാണ് ലേബര്‍ റൂമിലെ പ്രധാന ആകര്‍ഷണം. ഇലക്‌ട്രോണിക് നിയന്ത്രിത കിടക്കയായ ലേബര്‍ കോട്ടുകളാണ് ഇനിമുതല്‍ പ്രസവത്തിനായി താലൂക്കാശുപത്രിയില്‍ ഉപയോഗിക്കുക. ഓരോരുത്തരുടേയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയില്‍ ഇരുന്നോ, കിടന്നോ, ചാരിക്കിടന്നോ പ്രസവിക്കാന്‍ പാകത്തില്‍ ലേബര്‍ കോട്ടുകള്‍ ക്രമീകരിക്കാനാകും. രണ്ടര ലക്ഷം രൂപ വീതം വിലയുള്ള രണ്ട് കിടക്കകളാണ് ഇതിനായി പുതിയ ലേബര്‍ റൂമില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രസവിക്കുന്ന സമയം ഗര്‍ഭിണികള്‍ക്ക് സിനിമാ ഗാനങ്ങളോ, ആല്‍ബം പാട്ടുകളോ കേട്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യവും ആശുപത്രി അധികൃതര്‍ ലേബര്‍ റൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രസവിക്കുന്നവരുടെ കൈകള്‍ മൃദുവായി ചെറിയ രീതിയില്‍ ബന്ധിപ്പിക്കുന്നതിനും കാലുകള്‍ നന്നായി ഉറപ്പിക്കുന്നതിനുമുള്ള സംവിധാനവും ഇതില്‍തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസവ സമയത്ത് രക്തസ്രാവമുണ്ടാകുമ്പോള്‍ അത് ശേഖരിക്കുന്നതിന് പ്രത്യേകതരം ഡ്രേയും കിടക്കയില്‍തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ലേബര്‍ കോട്ടിന് സമീപം സജ്ജമാക്കിയിട്ടുള്ള എല്‍സിഡി ടിവിയില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമയോ, മെഗാസീരിയലുകളോ, കോമഡി പ്രോഗ്രാമുകളോ, കാണുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഗര്‍ഭിണിയുടെ മാനസിക പിരിമുറുക്കങ്ങളും, ഭയാശങ്കകളുമകറ്റി ധൈര്യം പകരുന്നതിനായി ഏറ്റവും അടുത്ത ബന്ധുക്കളെ കൂട്ടിരിപ്പിനായി ലേബര്‍ കോട്ടിന് സമീപം നിര്‍ത്തുന്നതിനും സൗകര്യമുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകമായ വിശ്രമമുറി, പ്രസവത്തിന് തയ്യാറാകുന്ന ഗര്‍ഭിണികള്‍ക്ക് വിശ്രമിക്കാനുള്ള മുറി, സ്റ്റോര്‍ റൂം, സിനിമാ റൂം, ടോയ്‌ലെറ്റ് എന്നിവയും വെവ്വേറെയായി ക്രമീകരിച്ചിരിക്കുന്നുവെന്നതും ലേബര്‍ റൂമിന്റെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്. രണ്ടു പേര്‍ക്ക് ഒരേ സമയം പ്രസിവിക്കാനും മറ്റ് രണ്ടുപേരെ നിരീക്ഷണത്തില്‍ കിടത്താനും സെന്‍ട്രലൈസ്ഡ് എസി സംവിധാനമുള്ള ലേബര്‍ റൂമില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്...

Plot For Sale Plot for sale Ayurvadam Alfine Group Anna Treesa Medicals

ജന്മദിനാശംസകൾ

വിവാഹിതരായി

വിവാഹവാര്‍ഷികം

പാവനസ്മരണക്ക്

423*90